
ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച 3000 കോടിയിലധികം രൂപയുടെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ സമഗ്ര അന്വേഷണത്തിനായി സുപ്രീം കോടതി സി.ബി.ഐക്ക് ഉത്തരവിട്ടു. തട്ടിപ്പുകാർക്ക് അക്കൗണ്ട് തുറക്കാൻ സഹായിച്ച ബാങ്കുകളുടെ പങ്ക് കൂടി അന്വേഷിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
അന്വേഷണത്തിന്റെ പ്രധാന നിർദ്ദേശങ്ങൾ:
ബാങ്കുകളുടെ പങ്ക്:
തട്ടിപ്പുകാർക്ക് അക്കൗണ്ട് തുറക്കുന്നതിൽ ബാങ്കുകൾക്ക് പങ്കുണ്ടോയെന്ന് സി.ബി.ഐ അന്വേഷിക്കും. ഇതിനായി സി.ബി.ഐക്ക് സമ്പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്.
രാജ്യാന്തര സഹായം: തട്ടിപ്പിന് അന്താരാഷ്ട്ര വേരുകളുള്ളതിനാൽ ഇന്റർപോളിന്റെ സഹായം തേടാനും സി.ബി.ഐക്ക് അനുമതിയുണ്ട്.
ആർബിഐയുടെ പങ്ക്: കേസിൽ റിസർവ് ബാങ്കിനെ കക്ഷിചേർക്കുകയും, ദുരൂഹതയുള്ള അക്കൗണ്ടുകൾ മരവിപ്പിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വിദ്യ ഉപയോഗിക്കാൻ കഴിയുമോയെന്ന് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു.
സംസ്ഥാനങ്ങളുടെ സഹകരണം: പശ്ചിമബംഗാൾ, പഞ്ചാബ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ സി.ബി.ഐ. അന്വേഷണത്തിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് നീക്കി ഉടൻ അനുമതി നൽകണം എന്നും കോടതി കർശനമായി നിർദ്ദേശിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മുൻ ചീഫ് ജസ്റ്റിസിന്റെ പേരിൽ വ്യാജ ഉത്തരവ് കാണിച്ച് 73കാരിയിൽ നിന്ന് ഒരു കോടി തട്ടിയെടുത്ത കേസിൽ സ്വമേധയാ എടുത്ത കേസിലാണ് സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ.
മറ്റ് പ്രധാന നിർദ്ദേശങ്ങൾ:
ഐ.ടി. ചട്ടപ്രകാരമുള്ള ഏജൻസികൾ സി.ബി.ഐയുമായി സഹകരിക്കണം.
സിം കാർഡ് ദുരുപയോഗം തടയാനുള്ള നടപടികളെക്കുറിച്ച് ടെലികോം വകുപ്പ് കോടതിയെ അറിയിക്കണം.
സംസ്ഥാനങ്ങൾ സൈബർ ക്രൈം സെന്ററുകൾ അതിവേഗം സ്ഥാപിക്കണം.











